Wednesday, November 17, 2010

മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നു

മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നു

കൊല്ലങ്കോട്: മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ബാധം തുടരുന്നു. മാവിനു പുറമെ പയര്‍, തക്കാളി, മുരിങ്ങക്കായ എന്നിവ കൃഷി ചെയ്യുന്നിടത്താണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്. മീനാക്ഷിപുരം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ഇത് വാങ്ങുന്നത്.
എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്‌നമല്ലെന്നും എട്ടുവര്‍ഷമായി ഇതാണ് തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നുമാണ് തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന കിഴവന്‍പുതൂരിലെ കര്‍ഷകര്‍ പറയുന്നത്. ആര്‍ജുന്‍, എന്‍ഡോസ്-35, ഹിറ്റ് ഹാറ്റ് എന്നീ പേരുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലുള്ളത്. വിവിധ ബ്രാന്‍ഡുകളില്‍ വില്‍പന നടത്തുന്ന ഇതിന് ലിറ്ററിന് 365 രൂപ മുതല്‍ 790 രൂപവരെയാണ് ഈടാക്കുന്നത്. പച്ചക്കറിക്കും മാവിനും പരുത്തിക്കും വാഴക്കും വ്യത്യസ്ത പേരുകളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നുണ്ടെന്ന് പൊള്ളാച്ചിയിലെ കീടനാശിനി കട നടത്തുന്നയാള്‍ പറയുന്നു.
മുതലമട, പോരുമാട്ടി, എരുത്തിയാമ്പതി, വടകരപ്പതി, വേലന്താവളം എന്നിവിടങ്ങളിലെ കര്‍ഷകരാണ് പൊള്ളാച്ചിയിലെത്തി മൊത്തമായും ചില്ലറയായും എന്‍ഡോസള്‍ഫാന്‍ വാങ്ങുന്നത്. കൃഷി വകുപ്പ് ഇതിനെതിരെ കാര്യമായ ബോധവത്കരണം നടത്താത്തതും ബദല്‍ സംവിധാനത്തെക്കുറിച്ച് വിവരം നല്‍കാത്തതുമാണ് മാരക കീടനാശിനി ഉപയോഗം തുടരാന്‍ കാരണം.


എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വീട് യുവമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു

മുതലമട: മുതലമടയില്‍ മാവിന്‍തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വെള്ളാരംകടവ്, ലക്ഷം വീട് കോളനി, കിണ്ണത്തുമൊക്ക് എന്നീ പ്രദേശങ്ങളിലെ ഇരകളെയാണ് സന്ദര്‍ശിച്ചത്. കാസര്‍കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വ്യാപകമായി നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് രാജേഷ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണി, ജില്ലാ പ്രസിഡന്റ് സുജിത്ത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. പ്രദീപ്കുമാര്‍, സുരേന്ദ്രന്‍ എന്നിവര്‍ അനുഗമിച്ചു.

No comments:

Post a Comment