Wednesday, November 17, 2010

തെന്മലയോരങ്ങളില്‍ കെണിവെച്ച് നായാട്ട്



തെന്മലയോരത്ത് വന്യജീവി ശല്യം; കര്‍ഷകര്‍ ദുരിതത്തില്‍

പാലക്കാട്: വന്യജീവി ശല്യം മൂലം തെന്മലയോരെത്ത കര്‍ഷകര്‍ ദുരിതത്തില്‍. ആന, കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍, കലമാന്‍ എന്നീ മൃഗങ്ങളുടെയും മയിലുകളുടെയും ശല്യം മൂലം കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്ന എലവഞ്ചേരി, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ മലയോര കൃഷിയിടങ്ങളിലാണ് വന്യ ജീവികളുടെ ശല്യം കൂടുതല്‍. മൃഗശല്യം മൂലം കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ പോലും കഴിയുന്നില്ല. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും വട്ടിപ്പലിശക്ക് കടമെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ഇതു മൂലം കടക്കെണിയിലകപ്പെടുകയാണ്. പടവലം, പാവക്ക, പയര്‍ കൃഷികള്‍ മാനുകള്‍ തിന്നുകയാണ്. നിലക്കടലയും നെല്ലും മയിലുകളും പന്നികളും മുള്ളന്‍പന്നികളും നശിപ്പിക്കുന്നു.
കൃഷി വിളവെടുക്കാറാവുമ്പോഴുണ്ടാവുന്ന മൃഗശല്യം തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം എലവഞ്ചേരിയില്‍ ഷോക്കേറ്റ് കലമാന്‍ ചത്തതിനെ തുടര്‍ന്ന് എട്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

മ്ലാവ് വേട്ട: എട്ടംഗ സംഘം പിടിയില്‍

കൊല്ലങ്കോട്: മ്ലാവിനെ വേട്ടയാടി കൊലപ്പെടുത്തിയ എട്ടംഗ സംഘം പിടിയിലായി. എലവഞ്ചേരി കൊളുമ്പിനു സമീപത്തെ പന്നിക്കോലിലാണ് നാലുവയസ്സുള്ള ആണ്‍ മ്ലാവിനെ വൈദ്യുതി കെണി ഉപയോഗിച്ച് പിടികൂടിയത്.
പന്നിക്കോല്‍ സ്വദേശികളായ ബാലന്‍(53), പരമേശ്വരന്‍(38), സതീഷ്(32), ബാബു(34), പ്രഭാതകുസുമന്‍(36), എ.കെ. രമേഷ്, കെ. പ്രഭു (26), വി. പ്രസാദ് (30) എന്നിവരാണ് വനംവകുപ്പധികൃതരുടെ പിടിയിലായത്.
ഇറച്ചി പാചകം ചെയ്യുന്നതിനിടെയാണ് വനംവകുപ്പുകാര്‍ സ്ഥലത്തെത്തിയത്. പിടിയിലായ പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ചില പ്രാദേശിക നേതാക്കള്‍ അനുയായികളുമൊത്ത് വനം വകുപ്പ് ഓഫിസിലെത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചെങ്കിലും അധികൃതര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

മ്ലാവ് വേട്ട: എട്ടംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു

കൊല്ലങ്കോട്: എലവഞ്ചേരി പന്നിക്കോലില്‍ വൈദ്യുതി ലൈനില്‍ നിന്ന് കെണിവെച്ച് ഷോക്കേല്‍പിച്ച് മ്ലാവിനെ കൊന്ന കേസില്‍ അറസ്റ്റിലായ പന്നിക്കോല്‍ കൊളുമ്പ് പ്രദേശ വാസികളായ എട്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു.
ബാലന്‍ (53), പരമേശ്വരന്‍(38), സതീഷ്(32), ബാബു(34), പ്രഭാതകുസുമന്‍(36), എ.കെ.രമേഷ്, കെ.പ്രഭു (26), വി.പ്രസാദ്(30) എന്നിവരെയാണ് ചിറ്റൂര്‍ കോടതി 26 വരെ റിമാന്‍ഡ് ചെയ്തത്.



തെന്മലയോരങ്ങളില്‍ കെണിവെച്ച് നായാട്ട്

കൊല്ലങ്കോട്: തെന്മലയോരങ്ങളില്‍ കെണിവെച്ച് നായാട്ട് വര്‍ധിക്കുന്നു. വൈദ്യുതി ലൈനില്‍നിന്ന് തോട്ടി ഉപയോഗിച്ച് അനധികൃതമായി കണക്ഷനെടുത്താണ് കെണിയുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കെണികള്‍ ഉപയോഗിച്ച് കാട്ടുപോത്ത്, മാന്‍, മ്ലാവ്, കാട്ടുപന്നി എന്നിവയെയാണ് വേട്ടയാടുന്നത്. നെന്മാറ, പോത്തുണ്ടി, നെല്ലിയാമ്പതി, കൊളുമ്പ്, വളവടി, പന്നിക്കോല്‍, ചാത്തന്‍പാറ,മാത്തൂര്‍, മേച്ചിറ, മൂച്ചങ്കുണ്ട്, അണ്ണാനഗര്‍, ചെമ്മണാമ്പതി എന്നിവിടങ്ങളിലാണ് നായാട്ട് നടക്കുന്നത്. ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍നിന്ന് മൃഗവേട്ടക്ക് വൈദ്യുതി ഉപയോഗിക്കുന്നത് മിക്കപ്പോഴും മനുഷ്യജീവനുതന്നെ ഭീഷണിയായിട്ടുണ്ട്.കൃഷിയിടങ്ങളെ കാട്ടുപന്നികളില്‍ നിന്ന് സംരക്ഷിക്കാനും ഇത്തരത്തിലുള്ള വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള വൈദ്യുതി കെണിമൂലം ചെമ്മണാമ്പതി അണ്ണാനഗറിലും വലിയചള്ളക്കുസമീപത്തെ നറുപാറച്ചള്ളയിലുമായി രണ്ട് പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് കെണികള്‍ക്കെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഡബ്ല്യു.പി.എസ്.ഐ കോ ഓഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ പറയുന്നു.നായാട്ട് തടയുന്നതിന്റെ ഭാഗമായി വൈദ്യുതി, വനം വകുപ്പുകളും പൊലീസും സംയുക്തമായി വൈദ്യുതി കടന്നുപോകുന്ന വനത്തിനകത്തും അതിര്‍ത്തികളിലും സംയുക്ത റെയ്ഡ് നടത്തണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

No comments:

Post a Comment